Nov 16, 2009

കേരള റസ്റ്റ്‌ ഹൗസ്‌

പ്രിയമുള്ള ബൂലോകരേ,

ഇവിടെ പലവിധ ഗ്രൂപ്പ് ബ്ലോഗുകളും നാം കണ്ടുവല്ലോ! അതിന്‍റെ കൂട്ടത്തിലേക്ക് ഞങ്ങള്‍ പുതിയ ഒരു ഗ്രൂപ്പ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. കുസൃതിക്കും കുന്നായ്മക്കും സൊറപറയാനും, ഏഷണിപരദൂഷണം ഇത്യാദികള്‍ക്കായി ഒരിടം! അതാണ് “ കേരള റെസ്റ്റ് ഹൗസ്‌ ”

ഈ റെസ്റ്റ് ഹൌസിന്‍റെ മൊതലാളി ഇത് നടത്താനായി “നാസ്”എന്ന നമ്മുടെ പ്രിയങ്കരിയായ ബ്ലോഗറെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊരു കുറവു മാത്രമേഈ റെസ്റ്റ് ഹൌസിനുള്ളൂ എന്നൊന്നും കരുതേണ്ട, കാരണം ഇതിന്‍റെ അററ കുററ പണികള്‍ നടത്തുന്നത് പ്രശസ്ത ബ്ലോഗര്‍ ഡോക്ടര്‍ ആണ്.അപ്പോള്‍ ഇതിന്റെ പണിക്കുറ്റം തീര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സുദിനം നമുക്കുണ്ടാകുമോ എന്ന് കണ്ടറിയണം.

പിന്നെ മെസ്സ് നടത്താനുള്ള അപേക്ഷകളില്‍ നിന്നും മാനേജ്മെന്റ് തിരഞ്ഞെടുത്തത് സര്‍വ്വ ശ്രീ പകല്‍കിനാവന്‍ എന്ന ബ്ലോഗറെയാണ്! പകല്‍ പോലും കിനാവ്‌ കാണുന്ന ഈ ബുദ്ധിമാനാണോ കാന്‍റീന്‍ ‍ നടത്താന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം.. മുമ്പെവിടേയോ കാന്‍റീന്‍ നടത്തി പരിചയമുണ്ട് എന്ന ഒറ്റ കുറ്റാരോപണത്താലാണ് പകല്‍കിനാവന് അപ്പന്റോയിന്റ്മെന്റ് നല്‍കിയത്.

കൂടാതെ ഒരു സിനിമയ്ക്ക് തിരക്കിട്ട് തിരക്കഥ എഴുതാന്‍ വേണ്ടി ഇവിടെ ഒരു 313 ആം നമ്പര്‍ മുറി അഡ്വാന്‍സൊന്നും തരാതെ ബുക്ക് ചെയ്തിരിക്കുകയാണ് വാഴക്കോടന്‍ എന്ന ബ്ലോഗര്‍. ഒരു സിനിമേല് പത്ത്‌ കഥകളെങ്കില്‍ പത്തു സിനിമേല്‍ ഒറ്റ കഥയുമായി സിനിമാ ലോകത്ത്‌ പുതു വസന്തം തീര്‍ത്തെ അടങ്ങൂ എന്ന വാശിയിലാണ് വാഴക്കോടന്‍....കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂറയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വാഴക്കോടന്‍ വായില്‍ വെള്ളമൂറിക്കൊണ്ട് പറഞ്ഞത്. കൂടാതെ കുഞ്ഞീവി ഒരു സുപ്രധാന കഥാപാത്രതിന് ജീവന്‍ നല്‍കുന്നുണ്ടെന്ന് കുഞ്ഞീവിയുടെ ഭീഷണി കണക്കിലെടുത്ത് വാഴക്കോടന്‍ പറഞ്ഞു. എന്തായാലും ഇവിടെ മുറിയെടുത്ത നിലയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വഴിയെ അറിയാം.

പിന്നെ ഈ റെസ്റ്റ് ഹൌസ് ഒരു മദ്യ നിരോധിത മേഖലയാണെങ്കിലും ഒരു തൊടുപുഴക്കാരന്‍ ഹരീഷ് ഇവിടെ ബ്ലാക്കില്‍ സാധനം വില്‍ക്കുന്നുണ്ടെന്ന് പലരും രഹസ്യമായും പരസ്യമായും പറയുന്നുണ്ട്.എന്നാല്‍ അത് സമ്മതിച്ച് തരാന്‍ ഹരീഷ് തയ്യാറായിട്ടില്ല എന്നാണറിഞ്ഞത്.ഹരീഷാത്രെ ഹരീഷ്!

അടുത്ത മീറ്റ് നടത്തുന്നത് വരെ ഈ ബ്ലാക്ക് മദ്യ വില്‍പ്പന ഉണ്ടാകുമെന്ന് അതീവ രഹസ്യമായി ഹരീഷ് ഓസീയാറിന്റെ കവറില്‍ എഴുതി വെച്ചിട്ടുണ്ട്.തന്‍റെ സ്വന്തം നാട് വീണ്ടും തോടും പുഴയും ആയി പരിണമിക്കുമോ എന്ന വേവലാതിയില്‍ ഒരു പൈന്റ് "സാധനത്തില്‍" ചമ്മന്തിപ്പൊടി, കരിക്കിന്‍ വെള്ളം, അച്ചാര്‍, നാരങ്ങാത്തൊലി, കാടു മാങ്ങ, തക്കാളി സോസ് തുടങ്ങിയവ മിക്സ്‌ ചെയ്ത് ഒരു പരുവമാക്കി അകത്താക്കി കൊണ്ടിരിക്കുകയാണ്... സ്വന്തം ബൈക്കില്‍ തന്‍റെ
സ്വന്തം നാട്ടില്‍ ഏതോ ഒരു പാവം അച്ചായനേം കൊണ്ട കറങ്ങണമെന്നാത്രേ ഹരീഷിന്റെ ആഗ്രഹം... ഹരീഷാത്രേ ഹരീഷ്...

പിന്നെ മറ്റേതെങ്കിലും അനാശാസ്യങ്ങള്‍ ഈ റെസ്റ്റ് ഹൌസില്‍ വെച്ച് പൊറുപ്പിക്കില്ല എന്ന് ഡിസിപ്ലിന്‍ കമ്മറ്റി & ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മുള്ളൂക്കാരന്‍ വളരെ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.. ആരെയും എവിടെയും എപ്പോ വേണേലും ( റസ്റ്റ്‌ ഹൌസില്‍ കാശ്‌ കൊടുക്കാതെ മുങ്ങുന്ന ആരെയും) മുള്ളിക്കാന്‍ സഹായവുമായി ഒരു മുള്‍ കിരീടവുമായി താന്‍ ഉണ്ടാകുമെന്ന് ബ്ലോഗനാര്‍ കാവിലമ്മയെ പിടിച്ച് സത്യം ചെയ്തിരിക്കുകയാണ് മുള്ളു...

തുടക്കത്തില്‍ ഇത്രയുമാണ് ലഭ്യമായ വിവരങ്ങള്‍ ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കുന്നതാണ്. ഈ റെസ്റ്റ് ഹൌസിന്റെ ഔദ്യോഗികമായ ഉദ്‍ഘാടനം ഉടന്‍ അതിഗംഭീര പരിപാടികളോടെ നടക്കുന്നതാണ്. ഈ റെസ്റ്റ് ഹൗസ്‌ ഒരു വന്‍വിജയമാക്കാന്‍ എല്ലാ ബൂലോകരോടും ഇതിന്‍റെ മാനേജ്മെന്റും വിശിഷ്യാ മാനേജരും വിനയ കുനയയായി താണു വീണ് അഭ്യര്‍ത്ഥിക്കുന്നു.

ഈ റെസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ എത്രയും വേഗം റൂം ബൂക്ക് ചെയ്യുക. നിങ്ങളുടെ പങ്കാളിത്തം ഗംഭീരമാകുമ്പോള്‍ പരിപാടിയും ഞങ്ങള്‍ ഗംഭീരമാക്കാം!ആയതിനാല്‍ എല്ലാവരും ഈ റെസ്റ്റ് ഹൌസില്‍ മുറിയെടുത്ത് ഇതൊരു വന്‍വിജയമാക്കണേയെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏഷണികളും പരദൂഷണങ്ങളും ചര്‍ച്ചകളും അവലോകനങ്ങളും മറ്റുമായി നമുക്കിവിടെ അടിച്ച് പൊളിക്കാമെന്നും മാനേജരെന്ന നിലയില്‍ നിന്ന നില്‍പ്പില്‍ അറിയിച്ച് കൊള്ളുന്നു.
http://keralaresthouse.blogspot.com/