Nov 17, 2010

സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...

ബൂലോകത്തെ എല്ലാ പുലികള്‍ക്കും പുപ്പുലികള്‍ക്കും റസ്റ്റ്‌ ഹൗസ് ടീമിന്‍റെ ബലി പെരുന്നാള്‍ ആശംസകള്‍ ......


Jan 26, 2010

റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ

പാട്ടുപാടിയും വെടിപറഞ്ഞും സമയം കളഞ്ഞ റസ്റ്റ്‌ ഹൗസ് നിവാസികള്‍ക്ക് തല ചൂടാക്കാന്‍ ഇനി ഒരു കുസൃതി ചോദ്യം...

ഒരു കണ്ണുകാണാത്തയാളുടെ ഭാര്യയെ ചെവികേള്‍ക്കാത്ത ഒരാള്‍ കട്ടോണ്ട് പോയി. ഇതുകണ്ട് നിന്ന ഊമയായ ഒരാള്‍ ഈ കാര്യം എങ്ങിനെ നേരിട്ട് ആ കണ്ണുകാണാത്ത ആളെ അറിയിക്കും??

ഉത്തരം അറിയാവുന്ന ബൂലോകത്തിലെ ബുദ്ധിമാന്മാര്‍ വരിവരിയായി കമന്റ്‌ ആയി രേഖപ്പെടുത്തുക. കമന്റിനു മോഡറേഷന്‍ ഉണ്ട്... ശരിയായ ഉത്തരങ്ങള്‍ ഒഴികെ മറ്റു കമന്റുകള്‍ അപ്പപ്പോള്‍ തന്നെ പബ്ലിഷ് ചെയ്യും... അവസാനം ശരിയുത്തരം പറഞ്ഞവരുടെ കമന്റുകളും പബ്ലിഷ് ചെയ്യും... അപ്പൊ തുടങ്ങിക്കൊള്ളൂ....

ഒരറിയിപ്പ് : റസ്റ്റ്‌ ഹൗസ് നടത്തിപ്പുകാര്‍ കൈക്കൂലി വാങ്ങി ഉത്തരം പുറത്തു പറയരുത്... പോങ്ങുപ്പോലിസ് ഇവിടൊക്കെത്തന്നെ ഉണ്ടാകും ... കണ്ടു പിടിച്ചാല്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി ഇടിച്ചു കൂമ്പ് കലക്കി ആജീവനാന്തം ജയിലിലടക്കും എന്ന് നടത്തിപ്പുകാരെ ഇതിനാല്‍ അറിയിക്കുന്നു ...

Jan 25, 2010

റിപ്പബ്ലിക്ക്ദിനാശംസകള്‍







അങ്ങനെ ഈ മഹത്തായ രാജ്യത്തിന് ഒരു റിപ്പബ്ലിക് ദിനം കൂടി.... എല്ലാവര്‍ക്കും റസ്റ്റ്‌ ഹൗസ് ടീമിന്‍റെ റിപ്പബ്ലിക്ക് ദിനാശംസകള്‍... ജയ്‌ ഹിന്ദ്‌....

Jan 13, 2010

ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി കാറിനുള്ളില്‍!

ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി രണ്ടാഴ്ചയായി ഗള്‍ഫില്‍ കാറിനുള്ളില്‍!



റിയാദ്: റോഡരികിലൊതുക്കി നിര്‍ത്തിയിട്ട കാറില്‍ രണ്ടാഴ്ചയായി മലയാളി യുവാവ് ഓര്‍മകള്‍ നഷ്ടപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടുന്നു. റിയാദിലെ റോദ ഡിസ്ട്രിക്ടില്‍ എക്‌സിറ്റ് പത്ത് റോം സൂപ്പര്‍ മാര്‍ക്കറ്റിനടുത്താണ് എല്‍.വി.കെ. 785 റജിസ്റ്റര്‍ നമ്പറിലുള്ള ഹ്യൂണ്ടായ് ആക്‌സന്റ് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ മലയാളി യുവാവ് കഴിയുന്നത്. സമീപത്ത് ജോലി ചെയ്യുന്ന മലയാളികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ രാമകൃഷ്ണന്‍, എസ്.എന്‍.ചാലക്കോടന്‍, നാസര്‍ കാരകുന്ന് എന്നിവര്‍ എത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നീട് വിശദമായി തിരക്കിയപ്പോള്‍ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണെന്നും പേര് മുഹമ്മദ്‌കോയയാണെന്നും അറിയിച്ചു. എന്നാല്‍ സ്‌പോണ്‍സറെവിടെയാണെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നതും ഓര്‍മ വരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇക്കാമ ഒരു ഗ്രോസറി ഷോപ്പില്‍ കൊടുത്തുവെന്നും ആ കട എവിടെയാണെന്ന് ഇപ്പോള്‍ ഓര്‍മ വരുന്നില്ലെന്നും യുവാവ് പറഞ്ഞു. കേളി പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ പോകുന്നതിന് നിര്‍ബന്ധിച്ചുവെങ്കിലും നാട്ടുകാരാരെങ്കിലും വന്നാലേ താനിവിടെനിന്നും മാറുകയുള്ളൂവെന്ന് നിര്‍ബന്ധംപിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു തൊഴിലാളികള്‍ കൊടുക്കുന്ന ലഘുഭക്ഷണം മാത്രമാണ് കഴിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോട്ടോ കുറ്റിച്ചിറക്കാരായ പലരെയും കാണിച്ചിട്ടും തിരിച്ചറിയാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാസര്‍ കാരകുന്നുമായി 0509406672 എന്ന നമ്പറില്‍ ബന്ധപ്പെടണം.
by അക്ബര്‍ പൊന്നാനി





പ്രിയമുള്ളവരെ,

ഇതാണ്, നേരത്തെ സൂചിപ്പിച്ച വാര്‍ ത്ത. ഈ വെള്ള ഷര്‍ട്ടിട്ട് ചോദ്യം ചോദിക്കുന്നതാണ്‍ ചാലക്കോടന്‍ എന്ന നമ്മുടെ പാവപ്പെട്ടവന്‍ !ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാവപ്പെട്ടവന്‍ അറിയിക്കുമെന്നു വിശ്വസിക്കുന്നു. ഈ പോസ്റ്റ് എനിക്ക് ഇ-മെയിലായി കിട്ടിയതാണു. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും സഹായം ഈ പോസ്റ്റ് കൊണ്ട് കിട്ടുമെങ്കില്‍ റെസ്റ്റ് ഹൌസ് ടീം സന്തുഷ്ടരാകും !
സസ്നേഹം , റെസ്റ്റ് ഹൌസ് ടീം




Jan 12, 2010

അടിക്കുറിപ്പ് മത്സരം തുടരുന്നു.....

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളെ, വാടകയിനത്തില്‍ പിരിഞ്ഞ് കിട്ടിയ തുക വളരെ പരിതാപ കരമാണ്. ആയതിനാല്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാടക തരാത്തവര്‍ എത്രയും വേഗം ആ പാവപ്പെട്ട പണക്കാരന്റെ കയ്യില്‍ പണം നല്‍കി രസീത് കൈ പറ്റേണ്ടതാണ്.

മാനസിക നില തകരാറിലായി റിയാദില്‍ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നാല് ദിവസം കഴിച്ച് കൂട്ടിയ മലയാളിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ,ആവശ്യമായ സഹായങ്ങള്‍ നല്കി ആ മനുഷ്യനെ സഹായിക്കുകയും ചെയ്ത പാവപ്പെട്ടവന്‍ എന്ന നമ്മുടെ പണക്കാരനെ റെസ്റ്റ് ഹൌസിന്റെ മാനേജര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ അവസരത്തില്‍ പാവപ്പെട്ടവനെ അഭിനന്ദിക്കുന്നു.

അടിക്കുറിപ്പ് മത്സരം


ഈ ചിത്രത്തിനു അനുയോജ്യമായ ഒരടിക്കുറിപ്പ് തയ്യാറാക്കുമല്ലോ . കൂടുതല്‍ എന്തിനീ പറയുന്നേ എല്ലാം ഈ ചിത്രത്തില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ വളരെ രസകരമായ അടിക്കുറിപ്പുകള്‍ എത്രയും വേഗം പോന്നോട്ടെ ! ഈ ഫോട്ടോ അയച്ച് തന്ന സുനിത എന്ന കൂട്ടുകാരിയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ കയ്യിലും ഇത് പോലെ രസകരമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരുമല്ലോ.

എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU

Jan 6, 2010

റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളെ,

ഉപരി പഠനത്തിനു പോയ മാനേജര്‍ നാസ് ഒരു കണ്ണീചോരയുമില്ലാതെ എന്നെ റെസ്റ്റ് ഹൌസിന്റെ താല്‍ക്കാലിക "മാനേജര്‍" ആക്കിയ വിവരം വ്യസനസമേതം അറിയിച്ച് കൊള്ളുന്നു. എങ്കിലും ഈ മാനേജര്‍ പണി തല്‍ക്കാലത്തേക്കാണല്ലോ എന്ന ഒരൊറ്റ കാരണം കൊണ്ട് ഞാന്‍ ഏറ്റെടുക്കുന്നു. ഇല്ലെങ്കില്‍ വല്ലപ്പോഴുമൊക്കെ കമന്റടിച്ച് ഞാനൊരു മൂലക്കല്‍ പണ്ടാരടങ്ങി കഴിഞ്ഞു പോയേനെ. എന്തായാലും ഈ കുരിശ് ഞാന്‍ എന്റെ നെറും തലയില്‍ തന്നെ എടുത്ത് വെക്കുന്നു.ആ നാസ് വരുന്നത് വരേയെങ്കിലും എല്ലാവരും നല്ല കുട്ടികളായി വാടകയൊക്കെ ക്യത്യമായി തന്ന് മറ്റുള്ളവര്‍ക്കും മാത്യകയാവണം എന്ന് അത്യാഗ്രഹം കൊണ്ട് ആശിച്ച് പോകുന്നു.


ഇനി ഗാന മത്സരങ്ങള്‍ ഞാനാണു നടത്തുന്നത്. ഇപ്രാവശ്യം മത്സരത്തിനായി തരുന്ന വാക്കുകള്‍ "സൂര്യന്‍ " ചന്ദ്രന്‍ " നക്ഷത്രം " ഇതില്‍ ഏതെങ്കിലും വാക്കുകള്‍ പല്ലവിയില്‍ വരാവുന്ന രീതിയിലുള്ള പാട്ടുകള്‍ എഴുതുമല്ലോ.ഈ പദങ്ങള്‍ തന്നെ വേണം പര്യായങ്ങള്‍ ഉപയോഗിച്ച് വെറുതെ നിങ്ങളുടെ സമയം കളയരുത്.അപ്പോള്‍ എല്ലാവരും തായ്യാറല്ലെ? മത്സരം ആരംഭിക്കുന്നു !

എന്നെ കുറിച്ച് രണ്ട് വാക്ക്! ഞാന്‍ "മിന്നു//MinnU " എന്ന പേരില്‍ "ഒരു ചെറു പുഞ്ചിരി" എന്ന ബ്ലോഗ് നടത്തി വരുന്ന ഒരു പാവം 'ഹൌസ് എക്സിക്കൂട്ടീവ്' ആണ്. എന്റെ ബ്ലോഗില്‍ കഴിഞ്ഞ ആണ്ടില്‍ ഒരു പോസ്റ്റ് ഇട്ടതാണ്. പിന്നെ ദൈവം സഹായിച്ചിട്ട് ആ വഴി പോകാന്‍ പറ്റിയില്ല. അതൊരു അതിക്രമ പുഞ്ചിരിയായോ എന്നൊരു സംശയം. എങ്കിലും "കേരള റെസ്റ്റ് ഹൌസിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. ഒഴിവു സമയങ്ങളില്‍ ചിലവഴിക്കാന്‍ ഒരിടം കിട്ടിയെങ്കിലും ഒഴിവു സമയമാണു പ്രശ്നം ! എന്തായാലും ഇവിടെ നടക്കുന്ന ചെറിയ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുക്കണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടേയും പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ച് കൊണ്ടും , റെസ്റ്റ് ഹൌസിലേക്ക് ക്ഷണിച്ച അതിന്റെ നടത്തിപ്പ് കാരോടും , റൂമെടുത്തവരോടും നന്ദി പറഞ്ഞ് കൊണ്ട്...,
സസ്നേഹം
മിന്നു
ഓര്‍ ക്കുക വാക്കുകള്‍ ! സൂര്യന്‍ / ചന്ദ്രന്‍ / നക്ഷത്രം
ആദ്യ ഗാനം ഞാന്‍ പാടി ഉല്‍ഘാടിക്കുന്നു !
"സൂര്യ കിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍ ...."
(ചിത്രം : ദേവാസുരം )

Jan 4, 2010

അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!

പ്രിയമുള്ളവരേ,
നല്ലൊരു പുതു വര്‍ഷം നന്നായി ആഘോഷിച്ച നിങ്ങള്‍ക്ക് ഇതാ നമ്മള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച അടിക്കുറിപ്പ് മത്സരം തുടരുന്നു.കഴിഞ്ഞ മത്സരങ്ങളിലെ അവേശോജ്ജ്വലമായ പങ്കാളിത്തമാണ് മത്സരങ്ങള്‍ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ പുതുവത്സരത്തിലും നിങ്ങളുടെ സഹകരണങ്ങളുണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു കൊണ്ട്, നമുക്ക് മത്സരത്തിലേക്ക് കടക്കാം!

ഇവരെ അറിയാത്തവരുണ്ടാകില്ല അല്ലേ? ഈ ഫോട്ടോ നാട്ടിലുള്ള എന്റെ ഒരു സുഹ്യത്താണ് അയച്ച് തന്നത്. കണ്ടപ്പോള്‍ എനിക്കും രസം തോന്നി. എന്നാല്‍ നമ്മുടെ അടിക്കുറിപ്പില്‍ ഒന്ന് പൂശിക്കളയാം എന്ന് വെച്ചു. ഈ ചിത്രത്തിനു ഞാന്‍ നല്‍കുന്ന അടിക്കുറിപ്പ്,



                      എനിക്ക് നീയും             ---                       നിനക്ക് ഞാനും “


ഹി ഹി ഹി ഇനി നിങ്ങള്‍ വളരെ രസകരമായ അടിക്കുറിപ്പ് എഴുതൂ......

Dec 30, 2009

മത്സരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു!

പ്രിയമുള്ളവരേ,
നമ്മുടെ മത്സരം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇപ്രാവശ്യം ഗാന മത്സരം തന്നേയാണ്.അതിനു ശേഷം നമ്മള്‍ വീണ്ടും അടിക്കുറിപ്പ് മത്സരം നടത്തും. ഒരു വര്‍ഷം അവസാനിക്കാന്‍ പോകുകയും മറ്റൊരു മത്സരത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ അഘോഷവുമായി ബന്ധമുള്ള പദങ്ങളുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.അത്കൊണ്ട് ഇപ്രാവശ്യം മത്സരത്തിനായി നല്‍കുന്ന പദങ്ങള്‍,
രാത്രി/രാവ് , ആശംസ, പുലരി/പുലര്‍കാലം
ഈ പദങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒരു പാട്ടിന്റെ പല്ലവിയില്‍ വരുന്ന രീതിയിലുള്ള ഗാനങ്ങളാണ് ഇവിടെ കമന്റായി എഴുതേണ്ടത്. അപ്പോള്‍ നമ്മള്‍ വളരെ ആവേശത്തോട് കൂടി ഈ മത്സരവും പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കും എന്ന വിശ്വാസത്തില്‍ ഇതാ മത്സരം ആരംഭിക്കുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദേശ യാത്രയ്ക്ക് പോയ ഡോക്ടറും നാസും വന്നാല്‍ നല്‍കുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു.ഈ മത്സരം ആദ്യ ഗാനം ആലപിച്ച് ഞാനിതാ ഉല്‍ഘാടനം ചെയ്യുന്നു.

ഞാന്‍ പുലര്‍കാലം എന്ന പദം ഉപയോഗിച്ചുള്ള പാട്ടാണ് പാടുന്നത്!

“പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി“

മത്സരം തുടരട്ടെ !



Dec 28, 2009

അടിക്കുറിപ്പ് മത്സരം തുടരുന്നു...2

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളേ,

കഴിഞ്ഞ ദിവസം റെസ്റ്റ് ഹൌസിലെ കറണ്ട് പോയത് പവര്‍ കട്ട് കൊണ്ടല്ല, ബില്ലടക്കാഞ്ഞിട്ടാണ് എന്നുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് മാനേജര്‍ അറിയിക്കുന്നു. ഇനി മുതല്‍ റൂമില്‍ വെള്ളമില്ലെങ്കിലും കറന്റിനു മുട്ടു വരില്ല എന്നും മാനേജര്‍ അറിയിക്കുന്നു. ഇന്നലെ കറന്റ് പോയ നേരത്ത് സ്ത്രീകളുടെ ബ്ലോക്കിലേക്ക് നുഴഞ്ഞ് കയറിയ ഒരു ഉണ്ണിയെ മറ്റു സഹ മുറിയനമാര്‍ ഒരു കണ്ണീചോരയും ഇല്ലാതെ എടുത്തിട്ട് പെരുമാറി എന്ന് അറിയുന്നു. അതില്‍ രണ്ട് ചവിട്ടും ഒരു നാല് ഇടിയും മാത്രം ഞാനല്ല എന്നും ഈ അവസരത്തില്‍ അറിയിക്കട്ടെ.

അപ്പോള്‍ നമ്മുടെ  അടിക്കുറിപ്പ് മത്സരം വീണ്ടും അവതരിപ്പിക്കുകയാണ്. എല്ലാവരും ആവേശത്തോടെ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അടുത്തത് വീണ്ടും നമ്മള്‍ ഗാന മത്സരത്തിലേക്ക് കടക്കും.തുടര്‍ന്നും നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം പ്രതീക്ഷിച്ച് കൊള്ളുന്നു.

ഇപ്രാവശ്യം അടിക്കുറിപ്പിനായി നല്‍കുന്നത് റെസ്റ്റ് ഹൌസിലെ നടത്തിപ്പ് കമ്മറ്റി അംഗം പകല്‍ കിനാവന്‍ എടുത്ത ഒരു ചിത്രമാണ്. ഞാനും പകല്‍കിനാവനും കൂടി ഒരു നിലമ്പൂര്‍ യാത്ര പോയപ്പോള്‍ വളരെ യാദ്യശ്ചികമായി കിട്ടിയതാണ് ഈ ഫോട്ടൊ. ഇതിലെ പാലം കഴിഞ്ഞ മഴക്കാലത്ത് ഒലിച്ച് പോയതാണ്. ഒരു തുരുത്തില്‍ രണ്ട് പേര്‍ കുടുങ്ങിയെന്നും അവരെ രക്ഷിക്കാന്‍ നേവി വന്നെന്നുമൊക്കെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സ്ഥലമാണ് ഇത്.വളരെയധികം ക്യഷി നാശവും ഞങ്ങള്‍ക്കവിടെ കാണാന്‍ സാധിച്ചു.പാവപ്പെട്ട ആ കര്‍ഷകര്‍ക്കൊക്കെ നഷ്ട പരിഹാരം കിട്ടിയോ ആവോ?

അടിക്കുറിപ്പിന് നല്‍കുന്ന ചിത്രം ഒരു അച്ഛന്റെ ചിത്രമാണ്. മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് ഈ ചിത്രം! നിങ്ങള്‍ക്ക് ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നി എന്നുള്ളത് കമന്റായി എഴുതുക. ഈ ചിത്രം എടുത്ത ‘പകല്‍ കിനാവനും’ കൂടെ കൂട്ട് പോയ എനിക്കും അഭിനന്ദനങ്ങള്‍ !


ഈ ചിത്രത്തിന് പകല്‍കിനാവന്‍ കൊടുത്ത അടിക്കുറിപ്പ് എതാണ്,
“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..“

ഇനി നിങ്ങള്‍ ഒരു അടിക്കുറിപ്പ് എഴുതുക!

Dec 23, 2009

റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !

പ്രിയമുള്ളവരേ,

അടിക്കുറിപ്പ് മത്സരത്തില്‍ വളരെ രസകരവും നര്‍മ്മ രസത്തിലുമുള്ള
കമന്റുകള്‍ നാം ആസ്വദിച്ചല്ലോ. അതില്‍ ആര്‍ക്ക് സമ്മാനം നല്‍കണം
എന്നുള്ള ഒരു കണ്‍ഫ്യൂഷനിലാണ് ജൂറി. എങ്കിലും വോട്ടിങ്ങിനിട്ട് ഒരു
വിജയിയെ കണ്ടെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അത് വരെ
വേറൊരു ഗെയിം കളിക്കാമെന്നാണ് കരുതുന്നത്. ഈ ഗെയിമിന്
ശേഷം നമ്മള്‍ അടിക്കുറിപ്പ് മത്സരം തുടരുന്നതാണ്.

ഈ മത്സരം വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇല്ലാത്ത ബുദ്ധിയുണ്ടെന്ന്
ഭാവിച്ച് ആലോചിച്ച് കണ്ടെത്തിയ ഒന്നാണെന്ന് കരുതിയാല്‍ അത്
ചുമ്മാതാ. ഇത് വളരെ എളുപ്പമുള്ള ഒരു ഗെയിമാണ്. നമ്മള്‍ മുമ്പ് റെസ്റ്റ്
ഹൌസില്‍ നടത്തിയ അന്താക്ഷരിയുടെ ഒരു വക ഭേദമാണെന്ന്
വേണമെങ്കില്‍, അതും അത്രയ്ക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പറയാം!
ഈ ഗെയിമില്‍ ഇവിടെ തരുന്ന വാക്കുകള്‍ ‘പല്ലവി”യില്‍ ഉള്ള ഗാനങ്ങള്‍
ഇവിടെ എഴുതുക.ഉദാഹരണത്തിന് മത്സരത്തിനായി തരുന്ന വക്കുകള്‍,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒരു വാക്ക്
പല്ലവിയില്‍ വരുന്ന ഗാനമാണ് എഴുതേണ്ടത്.

ഉദാ: ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ..
        എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....”

ഇതില്‍ ‘സ്വര്‍ണ്ണം‘ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍
മനസ്സിലായി എന്ന് കരുതുന്നു. പിന്നെ “തങ്കം” എന്ന വാക്ക് ഉപയോഗിക്കാനായി
‘തങ്കമ്മേ” എന്ന വാക്ക് ഉപയോഗിച്ചാല്‍ അത് തങ്കമ്മ പോലും പൊറുത്തെന്ന്
വരില്ല. അത് കൊണ്ട് ശ്രദ്ധിക്കുമല്ലോ.

പിന്നെ ഇതിനനുബന്ധമായി ഒരു കഥ പറയാം. എന്റെ നാട്ടില്‍ “ഔറുക്ക”
എന്നൊരു കഥാപാത്രമുണ്ട്. എല്ലാവിധ മണ്ടത്തരങ്ങളും കഥയായി ഒടുവില്‍
റിലീസാകുന്നത് ഔറുക്കാടെ പേരിലാണ്.അത്തരത്തില്‍ ഒരു കഥയാണ് ഇതും.
ഔറുക്കാക്ക് നാട്ടില്‍ ഒരു കാസറ്റ് റെക്കോര്‍ഡിങ് കടയുണ്ടായിരുന്നു. ഔറുക്ക
തന്നെ വികസിപ്പിച്ചെടുത്ത ഒരു റെക്കോര്‍ഡിങ്ങ് സെറ്റുമായാണ് പാട്ടുകള്‍
റെക്കോര്‍ഡ് ചെയ്ത് കൊടുത്തിരുന്നത്. ആയിടെക്കാണ് “ശ്രീക്യഷ്ണപ്പരുന്തിലെ’
“നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ ഗന്ധം” എന്ന ഗാനം ഹിറ്റാകുന്നത്.
ആ പാട്ടിനിടയ്ക്ക് കുമാരേട്ടാ കുമാരേട്ടാ എന്ന് വിളിക്കുന്ന ശബ്ധവും,’ആരാത്”
എന്ന് കുമാരേട്ടന്‍ ചോദിക്കുന്നതും ആ പാട്ടിലെ ഹൈലൈറ്റായി മാറി.
എന്നാല്‍ ഈ ഗാനം റെക്കര്‍ഡ് ചെയ്ത ഒരാള്‍ ആ കാസറ്റ് തിരിച്ച് കൊണ്ട്
വന്നിട്ട് അതില്‍ “കുമാരേട്ടാ” എന്ന വിളി തീരെ കേള്‍ക്കുന്നില്ല എന്ന പരാതിയുമായി
ഔറുക്കാനെ സമീപിച്ചു. ഔറുക്ക വളരെ നിസാരമായി അതൊക്കെ ഇപ്പൊ ശരിയാക്കി
തരാം എന്ന പപ്പു സ്റ്റൈലില്‍ കാസറ്റ് വാങ്ങി വെച്ച് പിറ്റേ ദിവസം അയാളോട്
വരാന്‍ പറഞ്ഞു.

ഔറുക്ക എന്ത് ചെയ്തന്നല്ലേ ? ഭാര്യയെ വിളിച്ച് ചട്ടം കെട്ടി “കുമാരേട്ടാ“ എന്ന്
വിളിക്കാന്‍ പഠിപ്പിച്ചു. അങ്ങിനെ ഒരു മൈക്കൊക്കെ ഫിറ്റ് ചെയ്ത് റെക്കോര്‍ഡിങ്
നടത്തി കാസറ്റ് റെഡിയാക്കി പിറ്റേ ദിവസം അയാള്‍ക്ക് കൊടുത്തു.
അയാള്‍ വീട്ടില്‍ വന്ന് പാട്ട് വെച്ചതും ഒരോ നാല് വരികള്‍ കഴിയുമ്പോഴും
ഔറുക്കാന്റെ ഭാര്യ “കുമാരനിക്കാ, കുമാരനിക്കാ‘’ എന്ന് വിളിക്കുന്നു, അപ്പോള്‍
ഔറുക്ക “അരാണ്ട്യത്?’‘അരാണ്ട്യത്?’‘ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്നു!

ഔറുക്കാടെ റെക്കോര്‍ഡിങ്ങ് കട അധികം വൈകാതെ ഒരു ഹോട്ടലായി
മാറി,പേരെന്തന്നല്ലേ, “ ഹോട്ടല്‍ കുമാരനിക്ക ”!!!

അപ്പോള്‍ പറഞ്ഞ് വന്നത് പാട്ടിനിടയില്‍ ഇങ്ങനെ കുമാരനിക്ക കേറി വരരുത്.
പാട്ടിലുള്ള വരികള്‍ മാത്രമേ ഉപയോഗിക്കാവൂ ! അപ്പോള്‍  മത്സരം ആരംഭിക്കുന്നു,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്ന പദം ഉള്ള പല്ലവികള്‍ എഴുതിക്കൊള്ളൂ......

Dec 21, 2009

റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!

പ്രിയമുള്ള റെസ്റ്റ് ഏടുക്കുന്ന റെസ്റ്റ് ഹൌസ് നിവാസികളേ...

നമ്മുടെ റെസ്റ്റ് ഹൌസെ ഗെയിം ഒരു പ്രത്യേക സാഹചര്യത്തില്‍ വഴിമുട്ടി
നില്‍ക്കുകയും,പുതിയ ഒരു ഗെയിം അവതരിപ്പിക്കാന്‍ കഴിയാതിരുന്നതും
ദുഫ്ഫായീലെ ബ്ലോഗ് മീറ്റുമായി ഞാനല്‍പ്പം തിരക്കിലായതിനാലായിരുന്നു
എന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ! ചേറായി മീറ്റിനെ അനുസ്മരിപ്പിക്കുമാറ്
അതേ ആമ്പിയറിലുള്ള ഒരു മീറ്റ് തന്നെയായിരുന്നു ഇപ്രാവശ്യത്തെ യു എ ഇ
മീറ്റും എന്ന് നിസ്സംശയം പറയാം. ഇടക്കൊക്കെ ഇതുപോലുള്ള മീറ്റുകള്‍
നമ്മുടെ ഈ സൌഹ്യദം ഊട്ടിയുറപ്പിക്കാന്‍ ഉപകരിക്കുമെന്നിരിക്കെ
നമുക്കും റെസ്റ്റ് ഹൌസില്‍ ഇടക്കൊക്കെ മീറ്റുകള്‍ നടത്തണം.

അപ്പോള്‍ നമ്മള്‍ അടുത്ത മത്സരത്തിലേക്ക് കടക്കുകയാണ്, അതാണ്
     “ അടിക്കുറിപ്പ് മത്സരം “
താഴെ കാണുന്ന ചിത്രത്തിന് ഏറ്റവും രസകരമായ ഒരു കമന്റ്/അടിക്കുറിപ്പ്
തയ്യാറാക്കുക.ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതുന്നവര്‍ക്ക് റെസ്റ്റ് ഹൌസിലെ
ഒരു വര്‍ഷത്തെ ഫ്രീ താമസം അനുവദിക്കുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു.
വളരെ രസകരവും എന്നാല്‍ അഭാസകരമാവാത്തതുമായ അടിക്കുറിപ്പ്
തയാറാക്കുമല്ലോ.അപ്പോള്‍ ഉല്‍ഘാടന ചിത്രം ഇതു തന്നെയാവട്ടെ!
ഇനി ആര്‍ക്കെങ്കിലും രസകരമായ ചിത്രങ്ങള്‍ അയച്ച് തരാന്‍ കഴിയുമെങ്കില്‍
എന്റെ ഇ-മെയിലിലേക്ക് (vazhakodan@gmail.com)അയച്ച് തരുമല്ലൊ.
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ,അടിക്കുറിപ്പ് മത്സരം ഇവിടെ തുടങ്ങുന്നു!


ഈ ചിത്രത്തിനു രസകരമായ ഒരടിക്കുറിപ്പ് കമന്റായി എഴുതുക ! :)

Dec 14, 2009

ഗാനം ഏത്? ക്ലൂ ഗെയിം 3 !

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളേ....

നമ്മുടെ മത്സരം വളരെ ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണെന്ന്,
ഈ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടാത്തത് കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈ പരിപാടിയില്‍ വിധി കര്‍ത്താക്കളായി പല പ്രമുഖരും എത്താമെന്ന് വാക്ക്
നല്‍കിയെങ്കിലും അവര്‍ വരുമ്പോഴേക്കും ഈ മത്സരം ഉണ്ടാകുമോ എന്ന ആശങ്കയില്‍
വേണ്ടാ എന്നാണ് കമ്മറ്റി തീരുമാനിച്ചത്. സെലിബ്രിറ്റി ഗസ്റ്റുകളായി തടിയന്റവിട
നസീറിനേയും ഷഫാസിനേയും വിട്ടു തരാമെന്ന് പോലീസ് പറഞ്ഞെങ്കിലും ജാമ്യത്തില്‍
എടുക്കാന്‍ നാസോ ഡോക്ടറോ എന്തിനധികം നമ്മുടെ ഹരീഷ് തൊടുപുഴ വരെ
എത്തില്ല എന്ന് പറഞ്ഞതിനാല്‍ അതും വേണ്ടാ എന്നു വെക്കുകയാണ് ഉണ്ടായത്.

ഈ പരിപാടി തുടങ്ങി വെക്കുകയും ചുരുങ്ങിയത് ഒരു പത്ത് (എന്റമ്മേ) ക്ലൂവെങ്കിലും
കൊടുക്കണം എന്നു പറഞ്ഞ് കൂടുതല്‍ ക്ലൂ വുകള്‍ കണ്ടെത്തുന്നതിനായി പുറപ്പെട്ടുപോയ
മാനേജര്‍ നാസും,ഡോക്ടറും തിരിച്ച് വരുന്നത് വരേയെങ്കിലും ഈ ക്ലൂ പരിപാടി
നില നില്‍ക്കണേ എന്ന് നിന്ന നില്‍പ്പില്‍ ഞാന്‍ പല വട്ടം പ്രാര്‍ത്ഥിക്കുകയാണ്.
ഒരു ക്ലൂ ആരെങ്കിലും അയച്ച് തരുമെന്ന് കൊതിയോടെ ഇ-മെയില്‍ ഐഡി പരസ്യം
ചെയ്യേണ്ട താമസം, മെയില്‍ ബോക്സ് ക്ലൂ കളാല്‍ നിറയുമെന്ന് കരുതിയ എന്റെ സകല
പ്രതീക്ഷകളെയും സത്യമാണെന്ന് തെളിയിച്ച് കൊണ്ട് മരുന്നിന് പോലും ഒരെണ്ണം
ആരും അയച്ചില്ല!(അയ്യയ്യേ നാണക്കേട് )

എന്നാല്‍ ആ പണി ഞാന്‍ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചതിനാല്‍ ഇതാ
അടുത്ത ക്ലൂ ഞാന്‍ തയ്യാറാക്കിയിരിക്കുന്നു.ഈ ക്ലൂ നോക്കി ആദ്യം ഉത്തരം
പറയുന്നവര്‍ക്ക് റെസ്റ്റ് ഹൌസില്‍ അവരുടെ റൂമില്‍ ഒരു എയര്‍ കൊണ്ടീഷ്ണര്‍
ഫിറ്റ് ചെയ്ത് കൊടുക്കുന്നതായിരിക്കും ! (വല്യ ചിലവുള്ള ഏര്‍പ്പാടാണേ )

ക്ലൂ ശ്രദ്ധിക്കൂ, ഉത്തരം പറയാന്‍ തയ്യാറാകൂ!

1. ഈ ഗാന രംഗത്ത് രണ്ട് സംവിധായകരും ഒരു നിര്‍മ്മാതാവുമാണ് അഭിനയിച്ചിരിക്കുന്നത്.
2. ഈ നിര്‍മ്മാതാവ് ഭരത് അവാര്‍ഡ് ജേതാവും ഇദ്ദേഹത്തിന്റെ മകനും ഒരു സിനിമാ നടനാണ്.
3. ഈ ചിത്രത്തില്‍ മറ്റൊരു ഭരത് അവാര്‍ഡ് ജേതാവും ഒരു MLA യും അഭിനയിച്ചിട്ടുണ്ട്.
4. രണ്ട് സംവിധായകരില്‍ ഒരു സംവിധായകനും ഒരു സംവിധായികയുമാണ്. സംവിധായകന്‍
    മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സംവിധായിക മലയാള ചിത്രം ഒരുക്കിയിട്ടില്ല.
5. ഈ ചിത്രത്തിന്റെ സംവിധായകന്‍ മറ്റു ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇത്രേം ആയപ്പോള്‍ തന്നെ ഉത്തരം പിടികിട്ടിക്കാണും അല്ലെ?
അപ്പോള്‍ പതിവു പോലെ  കമന്റ് മോഡറേഷനു ശേഷം ശരിയുത്തരം തരുന്നതായിരിക്കും.
ഇനി കൂടുതല്‍ ക്ലൂ വേണ്ടവര്‍ അറിയിക്കുമല്ലോ !

അപ്പോള്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട്,
ആശംസകളോടെ...

വാഴക്കോടന്‍,
റൂം നമ്പര്‍ 313,
കേരള റെസ്റ്റ് ഹൌസ്,
ബൂലോകപുരം പി ഒ.,
പിന്‍: സൂചിപിന്‍

Dec 13, 2009

ക്ലൂ മത്സരം : രണ്ടാം ഗെയിം !

റെസ്റ്റ് ഹൌസ് നിവാസികളെ, വാടക തരാത്തവരേ,


ഒന്നാമത്തെ ക്ലൂ മത്സരം വളരേയധികം ആവേശം വിതറി
അവസാനിച്ചു എന്ന സന്തോഷത്താല്‍ ഇതാ രണ്ടാം മത്സരം
ആരംഭിക്കുകയായി.വളരെ പോപ്പുലറായ ഗാനങ്ങള്‍
മാത്രമേ ഈ മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കുകയുള്ളൂ എന്ന്
അറിയിക്കട്ടെ.നിങ്ങള്‍ക്കും രസകരമായ ക്ലൂ കള്‍ തരാന്‍
കഴിയുമെങ്കില്‍ നിങ്ങള്‍ vazhakodan@gmail.com  എന്ന
ഇ-മെയിലിലേക്ക് ഉത്തരം സഹിതം അയക്കുക.
അപ്പോള്‍ ഇന്നത്തെ മത്സരം ആരംഭിക്കുന്നു.പതിവുപോലെ
കുറച്ച് സമയം കമന്റ് ഓപ്ഷന്‍ മോഡറേഷന്‍ ഉണ്ടായിരിക്കുന്നതാണു.

ഇന്നത്തെ ക്ലൂ !

1. ഈ ഗാന രംഗത്ത് ഭരത് അവാര്‍ഡ് നേടിയ നടനും,ഉര്‍വ്വശി അവാര്‍ഡ്
    നേടിയ നടിയുമാണ് അഭിനയിച്ചിരിക്കുന്നത്.
2. ഈ ചിത്രത്തില്‍ ഭരത് അവാര്‍ഡ് നേടിയ മറ്റൊരു നടനും അഭിനയിച്ചിട്ടുണ്ട്.
3. ഈ ചിത്രത്തിലെ നായിക എല്ലാ തെന്നിന്ത്യന്‍ ഭാഷാ ചിത്രത്തിലും
   അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴും അഭിനയിച്ച് വരുന്നു.
4. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഒരു തമിഴ് ചിത്രം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
5. സംവിധായകന്റേയോ ഇതിലെ ഭരത് അവാര്‍ഡ് നേടിയ നടന്‍മാരുടേയോ മക്കള്‍
സിനിമയില്‍  അഭിനയിച്ചിട്ടില്ല!

അപ്പോള്‍ മത്സരം മുറുകട്ടെ! ഓരോ ക്ലൂവും നല്ല പോലെ മനസ്സിലാക്കി ഉത്തരം
എഴുതുക. എല്ലാവര്‍ക്കും വിജയാസംസകള്‍ നേര്‍ന്ന് കൊള്ളുന്നു!

Dec 12, 2009

പുതിയ ഗെയിം ! ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ !

റെസ്റ്റ് ഹൌസ് നിവാസികളെ, വാടക തരാത്തവരേ,

ആദ്യാക്ഷരി മത്സരത്തിനു ശേഷം പുതിയ ഒരു ഗെയിം നടത്തിക്കൊള്ളാമെന്ന്
വാടക കിട്ടാന്‍ വേണ്ടി മാനേജര്‍ നാസ്  നേര്‍ച്ച നേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍
ശ്രദ്ധേയന്‍ പറഞ്ഞ ഒരു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലും ചില മാറ്റങ്ങളോടെ
പുതിയ ഒരു ഗെയിം ആരംഭിക്കുകയാണ്! ഈ ഗെയിമിന്റെ പ്രത്യേകത ഇതിന് മുന്‍പ്
ബ്ലോഗില്‍ ഇതാരും കളിച്ചിട്ടില്ല എന്ന് മാത്രമാണെന്നു കരുതരുത്!ഇതൊരു ഒന്നൊന്നര
ഗെയിമാണ്.ഈ ഗെയ്മില്‍ എല്ലാവരും സജീവമായി പങ്കെടുക്കണം എന്ന് എല്ലാവരോടും
അഭ്യര്‍ത്ഥിക്കുകയാണ്.കൂടാതെ ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡിലേക്ക് ഗ്രൂപ്പ് ബ്ലോഗ്
ഇനത്തില്‍ നോമിനേഷന്‍ ലഭിച്ച വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ.
വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരു ഗ്രൂപ്പ് ബ്ലോഗ് എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു
എന്നതിന്റെ തെളിവായി ഞങ്ങള്‍ കരുതുന്നു.ഇതിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം
റെസ്റ്റ് ഹൌസുമായി സഹകരിക്കുന്ന എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കട്ടെ.
തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിച്ച് കൊള്ളുന്നു.

ഇനി ഗെയിമിലേക്ക് കടക്കാം!
മലയാള സിനിമാ ഗാനവുമായി ബന്ധപ്പെട്ട ഒരു ഗെയിം തന്നെയാണ് ഇത്.
ക്ലൂവില്‍ നിന്നും ഗാനം ഏതെന്ന് കണ്ട് പിടിക്കുക!
വിശദമാക്കിയാല്‍, ഒരു ഗാന ചിത്രീകരണത്തിന്റെ സന്ദര്‍ഭം ആ ഗാന രംഗത്ത്
അഭിനയിക്കുന്ന നടന്റേയോ നടിയുടേയോ പേര്‍ പരാമര്‍ശിക്കാതെ ക്ലൂ നല്‍കണം.
ആ ഗാനമായോ സിനിമയുമായോ ബന്ധപ്പെട്ട ഒരു വ്യക്തിയുടേയും പേര്‍
പരാമര്‍ശിക്കാന്‍ പാടില്ല. എന്നാല്‍ ക്ലൂ നല്‍കാം!
ഉദാ:മോഹന്‍ലാലിനെ ഭരത് അവാര്‍ഡ് നേടിയ നടന്‍/ഗായകന്‍/നിര്‍മ്മാതാവ്
/നാടക നടന്‍ തുടങ്ങീ രീതിയില്‍ വിവരിക്കാം. പേര്‍ മാത്രം പറയരുത്.
കണ്‍ഫ്യൂഷന്‍!
ഇതാ ഒരു ക്ലൂ ശ്രദ്ധിക്കൂ !

ഈ ഗാന രംഗത്ത് അഭിനയിക്കുന്നത് പരേതനായ ഒരു പ്രശസ്ത സംവിധായകന്റെ
മകനാണ്.
ബാലതാരമായി വന്ന് നായികയായ നടിയാണ് ഈ ഗാന രംഗത്ത്. ഈ ചിത്രത്തിന്റെ
സംവിധായകന്റെ മകനും ഒരു സിനിമാ നടനാണ് !

ഇത്രേം ക്ലൂ കിട്ടിയാല്‍ തന്നെ ഉത്തരം കിട്ടും! ഇല്ലെ?
പ്രശസ്ത സംവിധായകന്റെ മകന്‍ - കുഞ്ചാക്കോ ബോബന്‍
ബാലതരമായി വന്ന് നായികയായ നടി - ശാലിനി
സംവിധായകന്‍ - ഫാസില്‍, മകന്‍ ഷാനു നടനാണ്!
അപ്പോള്‍ ഉത്തരം “അനിഅയത്തിപ്രാവിലെ ഇവര്‍ മാത്രം അഭിനയിച്ച ഒരു ഗാനം!
“ഓ പ്രിയേ,പ്രിയേ നിനക്കൊരു ഗാനം!”

ഇപ്പോ ഗുട്ടന്‍സ് പിടികിട്ടിയോ? ഇനി ഈ ക്ലൂവിന് ഉത്തരം പറയാമോ എന്ന് ശ്രമിക്കൂ!
ഉത്തരം പറഞ്ഞവര്‍ക്ക് അടുത്ത ക്ലൂ നല്‍കാം! എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കമന്റിലൂടെ
ചോദിക്കുകയും,ക്ലൂ നല്‍കിയ ആള്‍ ക്ലിയറാക്കുകയും ചെയ്യേണ്ടതാണ്! അപ്പോ നോക്കാം!

1) ഈ ഗാനം പഴയൊരു സിനിമയില്‍ നിന്നും എടുത്ത് വീണ്ടും ചിത്രീകരിച്ചതാണ്!
2) ഈ ഗാനരംഗത്ത് അഭിനയിച്ച നടന്റെ ഭാര്യയും മകനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
3) നടി ഇപ്പോള്‍ സിനിമാ രംഗത്ത് ഇല്ല.പക്ഷേ സിനിമാ നടനായ ഭര്‍ത്താവു നായക
    കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ്.
4) ഇതിന്റെ സംവിധായകന്‍ തന്റെ ഒരു പ്രശസ്ത ചിത്രം തമിഴിലും സംവിധാനം ചെയ്തിട്ടുണ്ട്!

    ഗാനമേത് ? സിനിമയേത് ?

തല പുകഞ്ഞ് തുടങ്ങട്ടെ! ഇനിയും ക്ലൂ വേണോ/ അയ്യേ മോശം! വേഗം ഉത്തരം പറയൂ......

ഈ ഗെയിമിനെക്കുറിച്ചുള്ള അഭിപ്രായം പറയുക! തുടരണമെങ്കില്‍ ആവാം ! അല്ലെങ്കില്‍ നിര്‍ ത്താം !

Dec 9, 2009

ഇ ക്ക് ശേഷം ബ

ആദ്യാക്ഷരമായ "ഇ" ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി... ''ഇ" യുടെ മഹത്തായ വിജയത്തിന് ശേഷം ഇതാ നിങ്ങള്‍ക്ക് മുന്നില്‍ "ബ" ബായക്കൊടന്റെ "ബ" ..ബസുമതീടെ "ബ" ..

ആദ്യാക്ഷരി നിയമങ്ങള്‍..

"ബ" യില്‍ തുടങ്ങുന്ന വായില്‍ കൊള്ളാവുന്ന പാട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ ..
തൊട്ടു മുകളില്‍ കമന്റിട്ടവരോടാണ് നിങ്ങളുടെ മത്സരം എന്നോര്‍ക്കുക..
മത്സരം രണ്ടു ദിവസം നീണ്ടു നില്‍കുന്നതാണ്..
അവസാനം ഏറ്റവും കൂടുതല്‍ പാട്ട് പാടിയ വ്യക്തിയെ വിജയിയായി തിരഞ്ഞെടുക്കുന്നതാണ്..
വിജയികള്‍ക്ക് വാഴക്കോടന്‍ പാടിയ മാപ്പിള പാട്ട സീ ഡി സമ്മാനമായി നല്‍കുന്നതാണ്..
അപ്പൂട്ടന്റെ കാര്യം മുള്ളൂക്കാരന്‍ പ്രത്യേകം ശ്രദ്ധിക്കുക...

അപ്പൊ മത്സരം തുടരട്ടെ...
ആദ്യാക്ഷരി..അക്ഷരം "ബ"

Dec 7, 2009

മാനേജരുടെ പ്രത്യേക കറിയുപ്പ്

മാനേജരുടെ പ്രത്യേക കറിയുപ്പ്....

മഹാ കവി വാഴക്കോടന്‍ അവര്‍കളുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരവും സ്വന്തം ലേഖകന്‍ ജിക്കൂസിന്റെ പ്രത്യേക അപേക്ഷയും പരിഗണിച്ച മത്സര ക്രമം മാറ്റിയിരിക്കുന്നു...ആദ്യാക്ഷരിമത്സരത്തിന്‍റെ നിയമങ്ങള്‍...

എന്ന അക്ഷരമാണ് നല്‍കിയിട്ടുള്ളത്..ഇ യില്‍ തുടങ്ങുന്ന ഗാനങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ...
അത് ഒരു പാട്ട് തന്നെയായിരിക്കണം...ചുമ്മാ വായില്‍ തോന്നുന്നത് പാട്ടയായി എഴുതരുത്...
എന്നക്ഷരത്തിന്റെ സ്റോക്ക് തീരുമ്പോ പുതിയ അക്ഷരം മാനെജ്മെന്റ് തീരുമാനിക്കും...
റൂം ബുക്ക് ചെയ്ത എല്ലാവരും പണം മുന്‍കൂറായി നല്‍കേണ്ടതാണ്..( ഈ കൂട്ടത്തില്‍ പറഞ്ഞന്നേയുള്ളു...)

അപ്പൊ മത്സരം തുടരട്ടെ...
ഇ യില്‍ തുടങ്ങുന്ന പാട്ടുകള്‍ പോരട്ടെ...

ആദ്യാക്ഷരി
.. അക്ഷരം

Dec 5, 2009

റസ്റ്റ്‌ഹൗസ് ആദ്യാക്ഷരി

റസ്റ്റ്‌ ഹൌസില്‍ റൂമെടുത്ത് റെസ്ററില്ലാതെ അലയുന്ന റെസ്ററന്മാരെ റെസ്ററികളെ...
ഇത് വരെ റെസ്റ്റാന്‍ വന്നവരുടെ പേര് വിവരങ്ങള്‍ പാവപ്പെട്ടവന്‍ ബുക്കില്‍ ചാര്‍ത്തിയത് ഇങ്ങനെ..

വാഴക്കോടന്‍ Room 313
അരീക്കോടന്‍ മാഷ്‌ Room 786
ചാര്‍ളി .. റൂ നമ്പര്‍ 420
ജിക്കൂസ് .. സ്പെഷ്യല്‍ സ്വ ലെ റൂം
James Bright ...അഞ്ചാം നമ്പര്‍ മുറി
രഘുനാഥന്‍ ... റൂം നമ്പര്‍ 131 ( പീഡന മുറി )
മിന്നു // MinnU റൂം നമ്പര്‍ 314
Mohamedkutty മുഹമ്മദുകുട്ടി ... 13 A (toilet only )
മിനി 13 B
സഫല്‍ 09
ഹുസ്നു 99
കുറുപ്പ് 444
അനിത 101
ശ്രദ്ധേയന്‍ 22

വിട്ടു പോയവര്‍ പെട്ടെന്ന് അഡ്വാന്‍സ് തുക അടച്ചു റൂമുകള്‍ കൈപറ്റേണ്ടതാണ് ..

പലരും പല റൂമും എടുത്ത് സുഖമായി അന്തിക്കള്ളും കുടിച്ച അന്തിയുറങ്ങുന്ന ഈ വേളയില്‍ നിങ്ങള്‍ക്കായി ഇതാ പുതിയ ഒരു മത്സരം... അന്തിയും പട്ടയും അടിച്ച മൂക്കറ്റം മുങ്ങി നില്‍ക്കുന്ന മുങ്ങാം കോഴികളെ... നാവു നേരെയാക്കൂ ...നിങ്ങളെയെല്ലാവരെയും പാട്ട് പാടിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബൂലോകത്തെ പട്ടുറുമാല്‍ അല്ലെങ്കില്‍ സംഗീത ശിരോമണി സംഗതി വാഴക്കോടന്‍...

വരൂ... ഇതാ നമ്മുടെ മത്സരം... ആദ്യാക്ഷരി... ഇവിടെ ആദ്യം ഒരക്ഷരം പറയും..ആ അക്ഷരം കൊണ്ട് തുടങ്ങുന്ന ഒരു മലയാളം പാട്ടിന്‍റെ നാല് വരികള്‍ കമന്‍റായി എഴുതൂ... ആ വരികളിലെ അവസാന വരിയിലെ അവസാന വാക്കിന്‍റെ ആദ്യാക്ഷരം കൊണ്ട് അടുത്ത ആള്‍ പുതിയ ഒരു പാട്ട് എഴുതൂ... കണ്ഫൂഷന്‍ ആയോ!!!! ചുരുക്കി കട്ടി കുറച്ച് പറഞ്ഞാ അന്താക്ഷരി ( എന്നെ സമ്മതിക്കണം ).. അപ്പൊ ഉദ്ഘാടനത്തോട് അനുബന്ധിച്ചിട്ടുള്ള മത്സരം ആദ്യാക്ഷരി ഇവിടെ തുടങ്ങുന്നു... ആദ്യാക്ഷരം

Nov 20, 2009

കേരള റസ്റ്റ്‌ ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയിപ്പ്

റസ്റ്റ്‌ ഹൗസ് നിയമങ്ങള്‍
റസ്റ്റ്‌ ഹൌസിനകത്ത് നിര്‍ബന്ധമായും മാന്യമായ വസ്ത്രം ധരിക്കുക... ( ഉദാഹരണത്തിന് ഒന്ന് രണ്ടെണ്ണം പറയാം... അണ്ടര്‍ വെയര്‍ ബര്‍മുഡാ ആദിയായ വസ്ത്രങ്ങള്‍ ധരിക്കാം... ഒരു നിബന്ധന മാത്രം...അതിനു മേലെ ഒരു ലുങ്കി ഉടുത്തിരിക്കണം... ബാറ്റ്മാന്‍ സ്പൈടാര്‍മാന്‍ അന്ത്രുമാന്‍ മുതലായവരുടെ വസ്ത്രങ്ങള്‍ റസ്റ്റ്‌ ഹൌസില്‍ ഉപയോഗിക്കാന്‍ പാടില്ല...

വെള്ളമടിച്ച് കറങ്ങി നടന്നു ശരീരം മൊത്തം ചളിയുമായി വന്നാല്‍ മുള്ളൂക്കാരന്റെ കര വിരുത് കാണേണ്ടി വരും... പട്ടാളം സെക്യൂരിറ്റിയുടെ ഇടി മുറിയിലായിരിക്കും അവരുടെ വാസം.... ബീച്ചില്‍ നിന്നും മണലോട് കൂടി റസ്റ്റ്‌ ഹൌസില്‍ പ്രവേശിക്കാന്‍ പാടില്ല... അങ്ങനെയുള്ളവര്‍ക്ക് റസ്റ്റ്‌ ഹൌസിന്റെ മുന്നിലുള്ള സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിപ്പൊങ്ങി റസ്റ്റ്‌ ഹൌസില്‍ പ്രവേശിക്കാം... ( എല്ലാ പാപങ്ങളും പോവട്ടെ!!!!!!)

ആണുങ്ങളുടെ ബ്ലോക്കില്‍ നിന്ന് പെണ്ണുങ്ങളുടെ ബ്ലോക്കിലേക്ക് മതില്‍ ചാടാനോ കയ്യും കാലും തലയും ഉള്‍പ്പടെയുള്ള അവയവങ്ങള്‍ കാണിക്കാനോ പാടില്ല... റസ്റ്റ്‌ ഹൌസ് സ്വിമ്മിംഗ് പൂള്‍ ഏതു സമയവും ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്... രണ്ട് കൊല്ലം കൂടുമ്പോല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനാല്‍ ആരും വെള്ളത്തില്‍ മുള്ളരുത്! പാഴ് വസ്തുക്കള്‍ (സാംക്രമിക രോഗം പരത്തുന്ന ജെട്ടികള്‍ ,കുപ്പി, പാട്ട,തകിട് മുതലായവ ഉള്‍പ്പടെ) ഡസ്റ്റ് ബിന്നില്‍ തന്നെ നിക്ഷേപിക്കേണ്ടാതാണ്. റസ്റ്റ്‌ ഹൌസ് ജനാലകള്‍ സൂക്ഷിക്കേണ്ടതിനാല്‍ ബോള്‍ കൊണ്ടുള്ള എല്ലാ ഗെയിമുകളും നിരോധിച്ചിരിക്കുന്നു...

റസ്റ്റ്‌ ഹൌസില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന കഷ്ട നഷ്ടങ്ങള്‍ അപ്പപ്പോള്‍ പാവപ്പെട്ടവനെ അറിയിക്കുക... ഒരോന്നിനും പ്രത്യേകം പ്രത്യേകം വൌച്ചര്‍ ഒപ്പിട്ടു കൊടുക്കേണ്ടി വരുന്നതാണ്... ദഹിക്കുന്ന എന്ത് ഭക്ഷണവും ഓര്‍ഡര്‍ പ്രകാരം നല്‍കുന്നതാണ്.... ഭക്ഷണം കഴിക്കുന്ന ആക്രാന്തം ബില്ലുകൊടുക്കന്നതിലും കാണിക്കേണ്ടതാണ്!

പ്രായ പൂര്‍ത്തി ആവാത്തവര്‍ക്ക് മദ്യം (മദി അല്ല) മയക്കുമരുന്നു മുതലായവ നല്‍കുന്നതല്ല. (അതെല്ലാം സ്വന്തം ഉത്തരവാദിത്വത്തില്‍ കണ്ടെത്തണം . റസ്റ്റ്‌ ഹൌസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കാശുള്ള എ ടി എം കാര്‍ഡ് രണ്ടു ലക്ഷത്തിന്റെ ബോണ്ട്‌ മുതലായവ സമര്‍പ്പിക്കേണ്ടതാണ്... (ബില്ലു വരുമ്പോല്‍ കണ്ണു തള്ളാതിരിക്കാനുള്ള ഒരു മുന്‍ കരുതലായി കരുതിയാല്‍ മതി!)

ഗസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ ഗൂഗിള്‍ അമ്മച്ചി നല്‍കിയ ഐഡികള്‍ കയ്യില്‍ സൂക്ഷേക്കെണ്ടാതാണ്... അത് മുള്ളൂക്കാരന്‍ പരിശോധിച്ച് ത്രിപ്തിപ്പെടുന്നതാണ്. കാര്ടൂനിസ്റ്റ് സജീവേട്ടന്‍ എല്ലാ താമസക്കാരുടെയും പോട്ടം വരക്കുന്നതാണ്. (കള്ളന്മാരും കൊള്ളക്കാരും ഭീകര വാദികളും സൂക്ഷിക്കുക).

ഒരിക്കല്‍ റൂം എടുത്താല്‍ ആജീവനാന്തം ഈ റസ്റ്റ്‌ ഹൌസ് നിങ്ങളുടെ സ്വന്തമായിരിക്കും. എല്ലാ റൂമുകളുടെയും സ്പെയര്‍ കീ മാനേജര്‍ സൂക്ഷിക്കുന്നതാണ്..( നിങ്ങളുടെ അഭാവത്തില്‍ മാത്രമേ അത് ഉപയോഗിക്കൂ എന്ന് ഉറപ്പ് ). മാതാ പിതാക്കളുടെ കൂടെ വന്നാല്‍ ഇബ്രാഹിം കുട്ടി കൃഷ്ണന്‍ കുട്ടി ജെയിംസ് കുട്ടി മുതലായവര്‍ക്ക് പ്രവേശനം സൌജന്യം.. റെസ്റ്റ് ഹൌസും പരിസരവും പീഡന നിരോധന മേഖലയാണ്. ആയതിനാല്‍ പീഡിതര്‍ സൂക്ഷിക്കുക!

ഉറക്കത്തില്‍ മുള്ളുന്ന അസുഖമുള്ളവര്‍ ബെഡും ഷീറ്റും മുള്ളി നനയ്ക്കാതിരിക്കാന്‍ സെക്യൂരിറ്റി ഓഫീസര്‍ മുള്ളൂക്കാരനില്‍ നിന്നും പാമ്പേര്‍സ് (നാപ്കിന്‍) വാങ്ങി കെട്ടേണ്ടതാണ്! റൂമില്‍ തൊണ്ട കീറി പാട്ടു പാടുന്നവര്‍ മുനിസിപ്പാലിറ്റിയുടെ ശബ്ദമലിനീകരണ ടാക്സ് അടച്ച് രസീത് സൂക്ഷിക്കേണ്ടതാണ്. വെള്ളമടിച്ച് പാടുന്നവര്‍ "ഴ" എന്ന അക്ഷരം മൂന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിച്ചാല്‍ "പിഴ" അടക്കേണ്ടതാണ്. സോമ്നാമ്പുലി,സോമ്നാമ്പൂച്ച തുടങ്ങീ അസുഖമുള്ളവര്‍ റെജിസ്റ്റ്റേഷന്‍ കൌണ്ടറില്‍ നിന്നും കാലു കെട്ടാനുള്ള കയര്‍ വാങ്ങി, കിടക്കുമ്പോള്‍ കാല്‍ കട്ടിലിന്റെ കാലില്‍ കെട്ടി കിടന്നില്ലെങ്കില്‍ വിവരം അറിയുന്നതാണ്! ടി കയര്‍ കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ചാല്‍ അഡ്വാന്സ് തുക മടക്കിക്കിട്ടുന്നതല്ല!

ചീഫ് സെക്യൂരിറ്റി ഓഫീസര്‍
ഒപ്പ്

Nov 17, 2009

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം!

പ്രിയമുള്ള ബൂലോകരേ,റസ്റ്റ് ഹൌസില്‍ റൂമെടുത്ത നല്ലവരായ കൂട്ടുകാരെ,

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം അതി വിപുലമായി നടത്തുവാനുള്ള ഭാരിച്ച ഒരു ചുമതലയാണ് മാനേജരായ നാസ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യുപകാരമായി ജീവിത കാലം മുഴുവന്‍ എനിക്കു മുറിക്ക് വാടക കൊടുക്കേണ്ടതില്ല എന്നാണ് വാഗ്ദാനം!(ആവോ)

ആയതിനല്‍ ഉല്‍ഘാടനത്തിനായി ഏവരേയും രോമാഞ്ചം കൊള്ളിക്കുമായിരുന്ന നമ്മുടെ പൊന്നു മോള്‍,വയസന്മാരുടെ കണ്ണിലുണ്ണിയുമായ സിനിമാ നടി ഷക്കീലയെ വിളിക്കാന്‍ ചെന്നെങ്കിലും ഒരു സീരിയലില്‍ കുലീനയായ,പരിവ്രതയായ ഒരു പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന തിരക്കിലായതിനാല്‍ അവര്‍ക്ക് എത്താന്‍ കഴിയില്ല എന്ന് അവര്‍ അറിയിച്ചു. എങ്കിലും എന്നെ നിരാശപ്പെടുത്താതെ അവര്‍ തന്ന ഒരു മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് മറ്റൊരു നടിയുടെ വീട് പറഞ്ഞ് തന്നു.

അവരെ ക്ഷണിക്കാന്‍ പോയ വിവരം ഇങ്ങനെ!

“അമ്മാ വീട്ടില്‍ ആരും ഇല്ലേ?’

"ഇവിടെ ആരും ഇല്ല പോയി ശനിയാഴ്ച വരൂ”

“അതല്ല ഞാന്‍ മാഡത്തിനെ കാണാന്‍ ഒരു പ്രൊപ്പോസലുമായി വന്നതാണ്!”

“എന്ത് പ്രപ്പോസല്‍?”

“ഷക്കീല മാഡം പറ്റില്ലാന്ന് പറഞ്ഞ് മാഡത്തിന്റെ അടുത്തേക്ക് വിട്ടതാ!”

“ഇരിക്കൂ, മാഡം വെളുക്കുന്നത് വരെ ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ട് നല്ല ടയേര്‍ഡാ,ഞാന്‍ ഇപ്പോ വിളിക്കാം”

അല്‍പ്പ സമയത്തിനു ശേഷം സില്‍മാ നടി പുറത്ത് വന്നു. ഞാന്‍ കാര്യം അവതരിപ്പിച്ചു!

മുഖത്ത് അല്‍പ്പം നീരസത്തോടെ അവര്‍ പറഞ്ഞു,

“മിസ്റ്റര്‍ വാഴ,യൂ നോ വല്ല ജ്വൊല്ലറി ഉല്‍ഘാടനത്തിന് പോയാല്‍ സ്വര്‍ണ്ണ മാല കിട്ടും, തുണിക്കട ഉല്‍ഘാടനത്തിന് പോയാല്‍ ഡ്രസ്സ് കിട്ടും”

അപ്പോ ബാര്‍ബര്‍ ഷാപ്പ് ഉല്‍ഘാടനത്തിനു പോയാ മൈ...ശോ അത് കിട്ടുമോ എന്ന് ചോദിക്കാന്‍ വന്നതാ. പക്ഷേ കാര്യം നടക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചില്ല!എങ്കിലും ഞാന്‍ പറഞ്ഞു,

"മാഡം,ഇതൊരു ബൂലോക റെസ്റ്റ് ഹൌസാണ്,പിന്നെ മാഡത്തിന് ഏത് ആവശ്യത്തിനും ഇത് ഉപകരിക്കും,മാത്രമല്ല കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ മാഡത്തിന് നായികാ പ്രാധാന്യമുള്ള ഒരു വേഷോം തരാം”

“ ഓക്കെ, ആരാ അതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് ?”

“അത് ഞാന്‍ തന്നെയാണ് എഴുതുന്നത്!”

“ഐ സേ യൂ ഗെറ്റ് ഔട്ട്”

പിന്നെ അധികം സമയം വേണ്ടി വന്നില്ല ഞാന്‍ പുറത്തിറങ്ങാന്‍. സത്യത്തില്‍ ഇങ്ങനെ സംഭവിച്ചില്ല എന്ന് പറയാമായിരുന്നു. പക്ഷേ വണ്ടിക്കൂലി തന്നു വിടുന്ന മാനേജര്‍ നാസിന്റെ മുഖത്ത് നോക്കി എങ്ങിനെ നുണ പറയും? അടുത്ത യാത്രയ്ക്കും വണ്ടിക്കൂലി തരപ്പെടുത്തേണ്ടെ?

എന്തായാലും ഉല്‍ഘാടകന്റെ കാര്യം അവിടെ നിക്കട്ടെ. നമുക്ക് ബാക്കി പരിപാടികളിലേക്ക് കടക്കാം! ഉല്‍ഘാടന ദിവസം രാവിലെ ചായയും വടയും മസാലദോശയും ഉണ്ടെന്ന് കരുതി ഒന്നും കഴിക്കാതെ വന്നവരെ പറ്റിച്ച് കൊണ്ട് ഉല്‍ഘാടന ശേഷമേ വല്ലതും ഞണ്ണാന്‍ കിട്ടൂ എന്ന ക്രൂരമായ അറിയിപ്പ് നാസ് അതി ക്രൂരമായി പ്രഖ്യാപിക്കുന്നു! അതിനു ശേഷം റിബ്ബണ്‍ മുറിക്കലും മെഴുകു തിരി കത്തിക്കല്‍ ഊതിക്കെടുത്തല്‍ കേക്ക് മുറിക്കല്‍ തുടങ്ങീ ചടങ്ങുകള്‍ക്ക് ശേഷം, മുറികള്‍ വ്യഞ്ചരിപ്പും, അഡ്വാന്‍സ് വാങ്ങി മാനേജരുടെ പുഞ്ചിരിപ്പും!

പിന്നീട് പകല്‍കിനാവന്‍ തന്റെ ഫാമില്‍ കീടനാശിനി ഉപയോഗിക്കാതെ കേവലം ജൈവ വളം മാത്രം ഇട്ട് വളര്‍ത്തിയ പച്ചക്കറികളും മറ്റും ഉപയോഗിച്ച് അന്നേ ദിവസം ഗംഭീര സദ്യ.

ഒരു പ്രത്യേക അറിയിപ്പുള്ളത്

ഉല്‍ഘാടന ദിവസം മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് മാനേജ്മെന്റ് അറിയിക്കുന്നു. അതിന് ശേഷം 313 ലെ താമസക്കാരന് മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്നും മാനേജര്‍ അറിയിക്കുന്നു!

ആയതിനാല്‍ ഒരു ഉല്‍ഘാടകനെ കണ്ടെത്താനുള്ള ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
നിങ്ങള്‍നിര്‍ദ്ദേശിക്കുന്ന ആള്‍ ഈ റെസ്റ്റ് ഹൌസ് ഉല്‍ഘാടനം നിര്‍വഹിക്കുമെന്നും തദവസരത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഈ റെസ്റ്റ് ഹൌസിലേക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

ഇനി ആരെങ്കിലും മുറി ബുക്ക് ചെയ്യാനുണ്ടെങ്കില്‍ മടിച്ച് നില്‍ക്കാതെ കടന്ന് വരൂ എന്ന് ഈ റെസ്റ്റ് ഹൌസ് മാനേജ്മെന്റിനു വേണ്ടിയും എന്റെ സ്വന്തം ബ്ലോഗുകളുടെ പേരിലും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു!

ഇനിയുള്ള ദിവസങ്ങള്‍ നമുക്കിവിടെ അടിച്ച് പൊളിക്കാം, അതിന് ഞാന്‍ തയ്യാര്‍ നിങ്ങളോ???


Nov 16, 2009

കേരള റസ്റ്റ്‌ ഹൗസ്‌

പ്രിയമുള്ള ബൂലോകരേ,

ഇവിടെ പലവിധ ഗ്രൂപ്പ് ബ്ലോഗുകളും നാം കണ്ടുവല്ലോ! അതിന്‍റെ കൂട്ടത്തിലേക്ക് ഞങ്ങള്‍ പുതിയ ഒരു ഗ്രൂപ്പ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. കുസൃതിക്കും കുന്നായ്മക്കും സൊറപറയാനും, ഏഷണിപരദൂഷണം ഇത്യാദികള്‍ക്കായി ഒരിടം! അതാണ് “ കേരള റെസ്റ്റ് ഹൗസ്‌ ”

ഈ റെസ്റ്റ് ഹൌസിന്‍റെ മൊതലാളി ഇത് നടത്താനായി “നാസ്”എന്ന നമ്മുടെ പ്രിയങ്കരിയായ ബ്ലോഗറെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊരു കുറവു മാത്രമേഈ റെസ്റ്റ് ഹൌസിനുള്ളൂ എന്നൊന്നും കരുതേണ്ട, കാരണം ഇതിന്‍റെ അററ കുററ പണികള്‍ നടത്തുന്നത് പ്രശസ്ത ബ്ലോഗര്‍ ഡോക്ടര്‍ ആണ്.അപ്പോള്‍ ഇതിന്റെ പണിക്കുറ്റം തീര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സുദിനം നമുക്കുണ്ടാകുമോ എന്ന് കണ്ടറിയണം.

പിന്നെ മെസ്സ് നടത്താനുള്ള അപേക്ഷകളില്‍ നിന്നും മാനേജ്മെന്റ് തിരഞ്ഞെടുത്തത് സര്‍വ്വ ശ്രീ പകല്‍കിനാവന്‍ എന്ന ബ്ലോഗറെയാണ്! പകല്‍ പോലും കിനാവ്‌ കാണുന്ന ഈ ബുദ്ധിമാനാണോ കാന്‍റീന്‍ ‍ നടത്താന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം.. മുമ്പെവിടേയോ കാന്‍റീന്‍ നടത്തി പരിചയമുണ്ട് എന്ന ഒറ്റ കുറ്റാരോപണത്താലാണ് പകല്‍കിനാവന് അപ്പന്റോയിന്റ്മെന്റ് നല്‍കിയത്.

കൂടാതെ ഒരു സിനിമയ്ക്ക് തിരക്കിട്ട് തിരക്കഥ എഴുതാന്‍ വേണ്ടി ഇവിടെ ഒരു 313 ആം നമ്പര്‍ മുറി അഡ്വാന്‍സൊന്നും തരാതെ ബുക്ക് ചെയ്തിരിക്കുകയാണ് വാഴക്കോടന്‍ എന്ന ബ്ലോഗര്‍. ഒരു സിനിമേല് പത്ത്‌ കഥകളെങ്കില്‍ പത്തു സിനിമേല്‍ ഒറ്റ കഥയുമായി സിനിമാ ലോകത്ത്‌ പുതു വസന്തം തീര്‍ത്തെ അടങ്ങൂ എന്ന വാശിയിലാണ് വാഴക്കോടന്‍....കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂറയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വാഴക്കോടന്‍ വായില്‍ വെള്ളമൂറിക്കൊണ്ട് പറഞ്ഞത്. കൂടാതെ കുഞ്ഞീവി ഒരു സുപ്രധാന കഥാപാത്രതിന് ജീവന്‍ നല്‍കുന്നുണ്ടെന്ന് കുഞ്ഞീവിയുടെ ഭീഷണി കണക്കിലെടുത്ത് വാഴക്കോടന്‍ പറഞ്ഞു. എന്തായാലും ഇവിടെ മുറിയെടുത്ത നിലയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വഴിയെ അറിയാം.

പിന്നെ ഈ റെസ്റ്റ് ഹൌസ് ഒരു മദ്യ നിരോധിത മേഖലയാണെങ്കിലും ഒരു തൊടുപുഴക്കാരന്‍ ഹരീഷ് ഇവിടെ ബ്ലാക്കില്‍ സാധനം വില്‍ക്കുന്നുണ്ടെന്ന് പലരും രഹസ്യമായും പരസ്യമായും പറയുന്നുണ്ട്.എന്നാല്‍ അത് സമ്മതിച്ച് തരാന്‍ ഹരീഷ് തയ്യാറായിട്ടില്ല എന്നാണറിഞ്ഞത്.ഹരീഷാത്രെ ഹരീഷ്!

അടുത്ത മീറ്റ് നടത്തുന്നത് വരെ ഈ ബ്ലാക്ക് മദ്യ വില്‍പ്പന ഉണ്ടാകുമെന്ന് അതീവ രഹസ്യമായി ഹരീഷ് ഓസീയാറിന്റെ കവറില്‍ എഴുതി വെച്ചിട്ടുണ്ട്.തന്‍റെ സ്വന്തം നാട് വീണ്ടും തോടും പുഴയും ആയി പരിണമിക്കുമോ എന്ന വേവലാതിയില്‍ ഒരു പൈന്റ് "സാധനത്തില്‍" ചമ്മന്തിപ്പൊടി, കരിക്കിന്‍ വെള്ളം, അച്ചാര്‍, നാരങ്ങാത്തൊലി, കാടു മാങ്ങ, തക്കാളി സോസ് തുടങ്ങിയവ മിക്സ്‌ ചെയ്ത് ഒരു പരുവമാക്കി അകത്താക്കി കൊണ്ടിരിക്കുകയാണ്... സ്വന്തം ബൈക്കില്‍ തന്‍റെ
സ്വന്തം നാട്ടില്‍ ഏതോ ഒരു പാവം അച്ചായനേം കൊണ്ട കറങ്ങണമെന്നാത്രേ ഹരീഷിന്റെ ആഗ്രഹം... ഹരീഷാത്രേ ഹരീഷ്...

പിന്നെ മറ്റേതെങ്കിലും അനാശാസ്യങ്ങള്‍ ഈ റെസ്റ്റ് ഹൌസില്‍ വെച്ച് പൊറുപ്പിക്കില്ല എന്ന് ഡിസിപ്ലിന്‍ കമ്മറ്റി & ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മുള്ളൂക്കാരന്‍ വളരെ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.. ആരെയും എവിടെയും എപ്പോ വേണേലും ( റസ്റ്റ്‌ ഹൌസില്‍ കാശ്‌ കൊടുക്കാതെ മുങ്ങുന്ന ആരെയും) മുള്ളിക്കാന്‍ സഹായവുമായി ഒരു മുള്‍ കിരീടവുമായി താന്‍ ഉണ്ടാകുമെന്ന് ബ്ലോഗനാര്‍ കാവിലമ്മയെ പിടിച്ച് സത്യം ചെയ്തിരിക്കുകയാണ് മുള്ളു...

തുടക്കത്തില്‍ ഇത്രയുമാണ് ലഭ്യമായ വിവരങ്ങള്‍ ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കുന്നതാണ്. ഈ റെസ്റ്റ് ഹൌസിന്റെ ഔദ്യോഗികമായ ഉദ്‍ഘാടനം ഉടന്‍ അതിഗംഭീര പരിപാടികളോടെ നടക്കുന്നതാണ്. ഈ റെസ്റ്റ് ഹൗസ്‌ ഒരു വന്‍വിജയമാക്കാന്‍ എല്ലാ ബൂലോകരോടും ഇതിന്‍റെ മാനേജ്മെന്റും വിശിഷ്യാ മാനേജരും വിനയ കുനയയായി താണു വീണ് അഭ്യര്‍ത്ഥിക്കുന്നു.

ഈ റെസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ എത്രയും വേഗം റൂം ബൂക്ക് ചെയ്യുക. നിങ്ങളുടെ പങ്കാളിത്തം ഗംഭീരമാകുമ്പോള്‍ പരിപാടിയും ഞങ്ങള്‍ ഗംഭീരമാക്കാം!ആയതിനാല്‍ എല്ലാവരും ഈ റെസ്റ്റ് ഹൌസില്‍ മുറിയെടുത്ത് ഇതൊരു വന്‍വിജയമാക്കണേയെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏഷണികളും പരദൂഷണങ്ങളും ചര്‍ച്ചകളും അവലോകനങ്ങളും മറ്റുമായി നമുക്കിവിടെ അടിച്ച് പൊളിക്കാമെന്നും മാനേജരെന്ന നിലയില്‍ നിന്ന നില്‍പ്പില്‍ അറിയിച്ച് കൊള്ളുന്നു.
http://keralaresthouse.blogspot.com/