Dec 23, 2009

റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !

പ്രിയമുള്ളവരേ,

അടിക്കുറിപ്പ് മത്സരത്തില്‍ വളരെ രസകരവും നര്‍മ്മ രസത്തിലുമുള്ള
കമന്റുകള്‍ നാം ആസ്വദിച്ചല്ലോ. അതില്‍ ആര്‍ക്ക് സമ്മാനം നല്‍കണം
എന്നുള്ള ഒരു കണ്‍ഫ്യൂഷനിലാണ് ജൂറി. എങ്കിലും വോട്ടിങ്ങിനിട്ട് ഒരു
വിജയിയെ കണ്ടെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അത് വരെ
വേറൊരു ഗെയിം കളിക്കാമെന്നാണ് കരുതുന്നത്. ഈ ഗെയിമിന്
ശേഷം നമ്മള്‍ അടിക്കുറിപ്പ് മത്സരം തുടരുന്നതാണ്.

ഈ മത്സരം വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇല്ലാത്ത ബുദ്ധിയുണ്ടെന്ന്
ഭാവിച്ച് ആലോചിച്ച് കണ്ടെത്തിയ ഒന്നാണെന്ന് കരുതിയാല്‍ അത്
ചുമ്മാതാ. ഇത് വളരെ എളുപ്പമുള്ള ഒരു ഗെയിമാണ്. നമ്മള്‍ മുമ്പ് റെസ്റ്റ്
ഹൌസില്‍ നടത്തിയ അന്താക്ഷരിയുടെ ഒരു വക ഭേദമാണെന്ന്
വേണമെങ്കില്‍, അതും അത്രയ്ക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പറയാം!
ഈ ഗെയിമില്‍ ഇവിടെ തരുന്ന വാക്കുകള്‍ ‘പല്ലവി”യില്‍ ഉള്ള ഗാനങ്ങള്‍
ഇവിടെ എഴുതുക.ഉദാഹരണത്തിന് മത്സരത്തിനായി തരുന്ന വക്കുകള്‍,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒരു വാക്ക്
പല്ലവിയില്‍ വരുന്ന ഗാനമാണ് എഴുതേണ്ടത്.

ഉദാ: ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ..
        എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....”

ഇതില്‍ ‘സ്വര്‍ണ്ണം‘ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍
മനസ്സിലായി എന്ന് കരുതുന്നു. പിന്നെ “തങ്കം” എന്ന വാക്ക് ഉപയോഗിക്കാനായി
‘തങ്കമ്മേ” എന്ന വാക്ക് ഉപയോഗിച്ചാല്‍ അത് തങ്കമ്മ പോലും പൊറുത്തെന്ന്
വരില്ല. അത് കൊണ്ട് ശ്രദ്ധിക്കുമല്ലോ.

പിന്നെ ഇതിനനുബന്ധമായി ഒരു കഥ പറയാം. എന്റെ നാട്ടില്‍ “ഔറുക്ക”
എന്നൊരു കഥാപാത്രമുണ്ട്. എല്ലാവിധ മണ്ടത്തരങ്ങളും കഥയായി ഒടുവില്‍
റിലീസാകുന്നത് ഔറുക്കാടെ പേരിലാണ്.അത്തരത്തില്‍ ഒരു കഥയാണ് ഇതും.
ഔറുക്കാക്ക് നാട്ടില്‍ ഒരു കാസറ്റ് റെക്കോര്‍ഡിങ് കടയുണ്ടായിരുന്നു. ഔറുക്ക
തന്നെ വികസിപ്പിച്ചെടുത്ത ഒരു റെക്കോര്‍ഡിങ്ങ് സെറ്റുമായാണ് പാട്ടുകള്‍
റെക്കോര്‍ഡ് ചെയ്ത് കൊടുത്തിരുന്നത്. ആയിടെക്കാണ് “ശ്രീക്യഷ്ണപ്പരുന്തിലെ’
“നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ ഗന്ധം” എന്ന ഗാനം ഹിറ്റാകുന്നത്.
ആ പാട്ടിനിടയ്ക്ക് കുമാരേട്ടാ കുമാരേട്ടാ എന്ന് വിളിക്കുന്ന ശബ്ധവും,’ആരാത്”
എന്ന് കുമാരേട്ടന്‍ ചോദിക്കുന്നതും ആ പാട്ടിലെ ഹൈലൈറ്റായി മാറി.
എന്നാല്‍ ഈ ഗാനം റെക്കര്‍ഡ് ചെയ്ത ഒരാള്‍ ആ കാസറ്റ് തിരിച്ച് കൊണ്ട്
വന്നിട്ട് അതില്‍ “കുമാരേട്ടാ” എന്ന വിളി തീരെ കേള്‍ക്കുന്നില്ല എന്ന പരാതിയുമായി
ഔറുക്കാനെ സമീപിച്ചു. ഔറുക്ക വളരെ നിസാരമായി അതൊക്കെ ഇപ്പൊ ശരിയാക്കി
തരാം എന്ന പപ്പു സ്റ്റൈലില്‍ കാസറ്റ് വാങ്ങി വെച്ച് പിറ്റേ ദിവസം അയാളോട്
വരാന്‍ പറഞ്ഞു.

ഔറുക്ക എന്ത് ചെയ്തന്നല്ലേ ? ഭാര്യയെ വിളിച്ച് ചട്ടം കെട്ടി “കുമാരേട്ടാ“ എന്ന്
വിളിക്കാന്‍ പഠിപ്പിച്ചു. അങ്ങിനെ ഒരു മൈക്കൊക്കെ ഫിറ്റ് ചെയ്ത് റെക്കോര്‍ഡിങ്
നടത്തി കാസറ്റ് റെഡിയാക്കി പിറ്റേ ദിവസം അയാള്‍ക്ക് കൊടുത്തു.
അയാള്‍ വീട്ടില്‍ വന്ന് പാട്ട് വെച്ചതും ഒരോ നാല് വരികള്‍ കഴിയുമ്പോഴും
ഔറുക്കാന്റെ ഭാര്യ “കുമാരനിക്കാ, കുമാരനിക്കാ‘’ എന്ന് വിളിക്കുന്നു, അപ്പോള്‍
ഔറുക്ക “അരാണ്ട്യത്?’‘അരാണ്ട്യത്?’‘ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്നു!

ഔറുക്കാടെ റെക്കോര്‍ഡിങ്ങ് കട അധികം വൈകാതെ ഒരു ഹോട്ടലായി
മാറി,പേരെന്തന്നല്ലേ, “ ഹോട്ടല്‍ കുമാരനിക്ക ”!!!

അപ്പോള്‍ പറഞ്ഞ് വന്നത് പാട്ടിനിടയില്‍ ഇങ്ങനെ കുമാരനിക്ക കേറി വരരുത്.
പാട്ടിലുള്ള വരികള്‍ മാത്രമേ ഉപയോഗിക്കാവൂ ! അപ്പോള്‍  മത്സരം ആരംഭിക്കുന്നു,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്ന പദം ഉള്ള പല്ലവികള്‍ എഴുതിക്കൊള്ളൂ......
http://keralaresthouse.blogspot.com/